Showing posts with label ഗുണ്ടാ ആക്റ്റ്‌.. Show all posts
Showing posts with label ഗുണ്ടാ ആക്റ്റ്‌.. Show all posts

Sunday, September 13, 2009

പുതുമുഖങ്ങളെ ആവശ്യമുണ്ട്‌.

അങ്ങനെ ഞാനും ഒരു തിരക്കഥാകൃത്താകാന്‍ പോകുന്നു. മലയാള സിനിമയിലെ ഒരു പ്രശസ്ത ബാനറില്‍ വരാന്‍ പോകുന്ന ഈ ചിത്രത്തില്‍ ധാരാളം പുതുമുഖങ്ങളെ ആവശ്യമുണ്ട്‌. അതെ, ധാരാളം പുതുമുഖങ്ങള്‍ക്ക്‌ അവസരം ഉള്ള ഈ ചിത്രത്തില്‍ സാമാന്യം ശരീരം ഉള്ളവര്‍ക്കും, തളര്‍ന്നു കിടക്കുന്നവര്‍ക്കും എല്ലാം അപേക്ഷിക്കാം. [നമ്മുടെ പ്രശസ്ത സംവിധായകന്‍ വിനയന്‍ ചെയ്ത അത്ഭുത ദ്വീപ്‌ പോലെ തന്നെ തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണു ഞങ്ങളും ചെയ്യുന്നത്‌.

ഗുണ്ടകളെ ചുറ്റി പറ്റി പറയുന്ന ഈ കഥയിലെ നായകനായി ഞങ്ങള്‍ മനസ്സില്‍ കണ്ടത്‌ നമ്മുടെ ഉണ്ട പക്രുവിനെയാണു. ഗിന്നസ്സ്‌ ബുക്കില്‍ കയറി പറ്റിയ ഉണ്ട പക്രുവിനു റേറ്റ്‌ കൂടുതലാകാമെന്ന കാരണത്താല്‍ അത്ര പൊക്കമുള്ള മറ്റൊരാളെ ഞങ്ങള്‍ തേടുന്നു. പിച്ച്‌ വാസുവെന്ന ഈ കഥാപാത്രം മലയാള സിനിമാ ചരിത്രത്തില്‍ ഒരു ഇതിഹാസമായിരിക്കുമെന്നതിനു യാതൊരു സംശയവുമില്ല.നാടോടിയായി വന്ന്, ഭിക്ഷാടകനായി, തുടര്‍ന്ന് സര്‍ക്കസും മറ്റ്‌ അല്ലറ ചില്ലറ തോന്ന്യാസങ്ങളുമായി നടക്കവേ, വളരെ യാദ്ദ്രശ്ച്ചികമായി ഒരു ഗുണ്ടാ തലവനെ ഒറ്റക്ക്‌ പിച്ചി കൊല്ലുന്നതോടെ പിച്ച്‌ വാസു പിന്നെ ഗുണ്ടയായി മാറുന്നു. വലുപ്പമല്ല മറിച്ച്‌ മനസ്സാണു വലുത്‌ എന്ന് ജനത്തോടെ ചങ്കൂറ്റത്തോടെ വിളിച്ച്‌ പറയുകയാണു ചങ്കിന്റെ അത്രയുമുള്ള നമ്മുടെ നായകന്‍.

തന്റെ ഗുണ്ടാ സംഘത്തില്‍ പെട്ട, അരയ്ക്ക്‌ താഴോട്ട്‌ തളര്‍ന്ന് കിടക്കുന്ന മറ്റൊരു ഗുണ്ടയുടെ വേഷം അഭിനയിക്കാനും ആളിനെ ആവശ്യമുണ്ട്‌. പിച്ച്‌ വാസുവും, തളര്‍ന്ന് കിടക്കുന്ന ഗുണ്ടയും തമ്മിലുള്ള ആത്മബന്ധം ഏതൊരു പ്രേക്ഷകന്റെയും കരളലിയിക്കുന്നതായിരിക്കും. പിച്ച്‌ വാസുവിന്റെ ഗുണ്ടാ സംഘത്തെ കീഴടക്കാന്‍ വരുന്ന സിറ്റി പോലീസ്‌ കമ്മീഷണറായി വരുന്നത്‌ അമിതാബ്‌ ബച്ചന്റെ സൈസും, ബോഡിയും ഒക്കെ ഉള്ള ഒരു പുതുമുഖ ഹിന്ദി നടനാണു. പക്ഷെ സിറ്റി പോലീസ്‌ കമ്മീഷനറുടെ ഒരു തന്ത്രവും പിച്ച്‌ വാസുവിനെയും, സംഘത്തെയും കീഴ്‌പ്പെടുത്താനാവുന്നില്ല. ഒടുക്കം പിച്ച്‌ വാസുവിന്റെ സ്ഥിരം നമ്പറായ പിച്ചില്‍ തന്നെ കമ്മീഷണറും കൊല്ലപ്പെടുന്നതോടെ കഥയില്‍ റ്റ്വിസ്റ്റ്‌ ഉണ്ടാകുന്നു. കാഴ്ച്ചക്കാരന്റെ ഞരമ്പുകളെ ത്രസിപ്പിക്കുന്ന സംഘട്ടനങ്ങള്‍, തട്ടികൊണ്ട്‌ പോക്കല്‍, പീഡനങ്ങള്‍ അങ്ങനെ എല്ലാത്തരം പ്രേക്ഷകനെയും ആകര്‍ഷിക്കുന്ന ഒരു മുഴു നീള സസ്‌പെന്‍സ്‌ ത്രില്ലറായിരിക്കും ഈ ചിത്രം.

അഭ്യന്തര മന്ത്രി, മുഖ്യ മന്ത്രി, രാഷ്ട്രീയക്കാര്‍ പിന്നെ നൂറില്‍ പരം വിവിധയിനം ഗുണ്ടകള്‍, പിച്ച്‌ വാസുവിന്റെ കാമുകി, കാമുകിയുടെ കൂട്ടുകാരികള്‍ ഇങ്ങനെ പുതുമുഖങ്ങള്‍ക്ക്‌ വന്‍ പ്രാധാന്യം നല്‍കുന്ന ഈ ചിത്രം വരുന്ന ക്രിസ്തുമസ്സിനു തിയേറ്ററുകളില്‍ എത്തിക്കാനാണു ഞങ്ങളുടെ ശ്രമം.

ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ താത്‌പര്യമുള്ളവര്‍ ക്വട്ടേഷനും, "ഒരു ഫുള്‍"- സൈസ്‌ ഫോട്ടൊ മുതലായവ സഹിതം എത്രയും പെട്ടെന്ന് ഞങ്ങളെ സമീപിക്കുക.

Thursday, September 10, 2009

"ഇതാകണമെടാ പോലീസ്‌.."

പണ്ട്‌ നമ്മുടെ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ്‌, കേരളത്തില്‍ വന്നപ്പോള്‍ നമ്മുടെ കേരള പോലിസിന്റെ "നിസ്സാര പ്രശനങ്ങള്‍" കൊണ്ട്‌ എസ്ക്കോര്‍ട്ട്‌ വാഹനങ്ങള്‍ ഒന്ന് വഴി തെറ്റി പോയി. ഓഹ്‌ !!! അന്ന് എന്തോരം കോലാഹലങ്ങളാ കോണ്‍ഗ്രസ്സുകാരും, ബി.ജെ.പിയും പിന്നെ കണ്ട ലൊട്ട്‌ ലൊടുക്ക്‌ പാര്‍ട്ടികാരും ഉണ്ടാക്കിയത്‌. ആഭ്യന്തര മന്ത്രി രാജി വെയ്ക്കണം, ഡി.ജി.പി ഒഴിയണം, മുഖ്യമന്ത്രി രാജി വെയ്ക്കണം..അങ്ങനെ എന്തെല്ലാം.

പക്ഷെ ഇന്നലെ പഴയ്‌ തെറ്റുകള്‍ പരിഹരിച്ച്‌, എല്ലാവരുടെയും വായ അടച്ചു കൊണ്ട്‌ പോലീസ്‌ കര്‍മ്മ നിരതരായി. ഓം പ്രകാശിനെയും, രാജേഷിനെയും തമിഴ്‌നാട്ടില്‍ നിന്നും, വന്‍ സുരക്ഷാ ക്രമീകരണങ്ങളോടെ..ഒറ്റ പത്രക്കാര്‍ക്ക്‌ ഫോട്ടൊ പോലും എടുക്കാന്‍ അവസരം കൊടുക്കാതെ, ഗുണ്ടാ തലവന്മാര്‍ക്ക്‌ ആരും മണി കെട്ടാതെ നേരെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കയറ്റിയിട്ടും പോലീസ്‌ വിശ്രമിച്ചില്ല.

ഇന്ന് വഞ്ചിയൂര്‍ കോടതിയില്‍ പോലീസ്കാര്‍ മനുഷ്യ ചങ്ങല ഡിഫി സ്റ്റയിലില്‍ പിടിച്ച്‌ ഗുണ്ടകള്‍ക്ക്‌ പത്രക്കാരില്‍ നിന്നും ഫോട്ടോഗ്രാഫേഴ്സില്‍ നിന്നും രക്ഷിക്കാന്‍ മാക്സിമം ശ്രമിച്ചു. പക്ഷെ കാര്‍ഗില്‍ ഭൂമിയില്‍ പോലും നുഴഞ്ഞു കയറാന്‍ കഴിവുള്ള പത്രക്കാര്‍ നുഴഞ്ഞ്‌ കയ്യറി ഫോട്ടോ എടുത്തുവെന്നത്‌ മറ്റൊരു സത്യം. ക്യാമറാ ഫ്ലാഷിന്റെ ലയിറ്റ്‌, ചൂട്‌ എന്നിവ ഗ്ലാമര്‍ നഷ്ടപ്പെടുത്തുമെന്ന പൊതു തത്വം മനസ്സിലായതു കൊണ്ടാണു പോലീസുകാര്‍ ഇപ്രകാരം പെരുമാറിയത്‌. തികച്ചും മാനുഷിക പരിഗണന മാത്രം. ഇനി ആര്‍ക്കെങ്കിലും, എന്തെങ്കിലും പറയാനുണ്ടോ?

മമ്മൂട്ടി രൗദ്രം സിനിമയില്‍ പറയുമ്പോലെ:-

ഇതാകണമെടാ പോലീസ്‌..ഇങ്ങനെയാവണമെടാ പോലീസ്‌.